കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ച് പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുമ്മനം പുത്തൻപറമ്പിൽ രാഹുലി (38) നെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എംജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രാഹുലിന്റെ സുഹൃത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രാഹുലിന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരുന്നു. ഈ കേസിൽ അന്ന് രാഹുലിനെയും പോലീസ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത രാഹുൽ മുങ്ങി നടക്കുകയായിരുന്നു എന്നാണ് പോലീസ് കേസ്. അഞ്ചുവർഷത്തോളമായി ഇയാൾ കോടതിയിൽ ഹാജരാകാതെ നടക്കുകയായിരുന്നു.