വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു. തമിഴ്നാട് പൊലീസ് ജയിലിൽ എത്തിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ ഒരു കാറിൽ കയറി രക്ഷപ്പെട്ടതായും സംശയമുണ്ട്.
രക്ഷപ്പെടുമ്പോൾ കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു ബാലമുരുകന്റെ വേഷം. തൃശ്ശൂർ നഗരത്തിലും ജില്ലാ അതിർത്തികളിലും ഉൾപ്പെടെ വ്യാപകമായ തിരച്ചിൽ പൊലീസ് നടത്തിവരികയാണ്. ഒരു വർഷം മുൻപും സമാനമായ രീതിയിൽ ബാലമുരുകൻ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു അന്ന് രക്ഷപ്പെട്ടത്.
കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസ്സുകാരനായ ബാലമുരുകൻ. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിന്റെ മുൻപിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇയാൾ ഇറങ്ങിയോടുകയായിരുന്നു.
മോഷ്ടിച്ച ബൈക്കുമായി കടന്നുകളയാൻ സാധ്യതയുണ്ടെന്നും, മോഷ്ടിച്ച ബൈക്കിനെക്കുറിച്ച് എവിടെയെങ്കിലും റിപ്പോർട്ട് ചെയ്താൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും മുന്നറിയിപ്പുണ്ട്.