തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ കൊല്ലം പത്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് നാളെ ആരോഗ്യ മന്ത്രിക്കു സമർപ്പിക്കും. പ്രാഥമിക അന്വേഷണത്തിൽ ചികിത്സാ പിഴവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
വേണുവിന്റെ കേസ് ഷീറ്റിൽ പോരായ്മകൾ ഇല്ലെന്നും, പ്രോട്ടോക്കോൾ പാലിച്ചാണ് ചികിത്സ നൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആശുപത്രി അധികൃതർ ഏറ്റെടുക്കുമോ എന്നും കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താനാകുമോ എന്നും വേണു സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിൽ ചോദിച്ചിരുന്നു.
നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുവിനെ പിന്നീട് ആൻജിയോഗ്രാം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അഞ്ചുദിവസത്തിനുശേഷവും ആൻജിയോഗ്രാം ചെയ്തില്ലെന്നും, ഡോക്ടർമാർ തിരക്കിലാണെന്നും പുതിയ ലിസ്റ്റ് വന്നാൽ മാത്രമേ ആൻജിയോഗ്രാം ചെയ്യാനാകൂ എന്നുമായിരുന്നു അധികൃതരുടെ മറുപടിയെന്നും കുടുംബം പറയുന്നു. അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.