വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം നിലമേൽ സ്വദേശികളായ രണ്ട് പേർ മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്. മരണത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്നാണ് റിപ്പോർട്ടിലെ സൂചന.
മരണമടഞ്ഞവർ കഴിച്ച അതേ ഭക്ഷണം അന്നേ ദിവസം ഇതേ ഹോട്ടലിൽ നിന്ന് ഇരുന്നൂറോളം പേർ കഴിച്ചിട്ടുണ്ടെന്നും എന്നാൽ മറ്റാർക്കും യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല.
മരിച്ചവർക്ക് നേരത്തെ അലർജി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ചികിത്സ തേടുകയായിരുന്നു. റഷീദ ബീവിയുടെ മകൾ സജിമോളും ഇതേ പ്രശ്നങ്ങളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.
ഹോട്ടലിൽ നിന്ന് ശേഖരിച്ച പത്ത് ഭക്ഷണ സാമ്പിളുകൾ കൂടുതൽ വ്യക്തതയ്ക്കായി കൊച്ചിയിലെ റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം പുറത്തുവന്നതിനുശേഷം മാത്രമേ മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കുകയുള്ളൂ. പരാതിയെ തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് നേരത്തെ തന്നെ അടപ്പിച്ചിരുന്നു.