അതിരപ്പിള്ളി വനമേഖലയിലെ പ്രശസ്തനായ കാട്ടാന 'മഞ്ഞക്കൊമ്പനെ' തുമ്പിക്കൈയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ചൊക്കെന ഭാഗത്താണ് ആനയെ നാട്ടുകാർ കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി ആന ഈ പ്രദേശത്ത് പരിക്കുകളോടെ അലയുകയാണെന്ന് നാട്ടുകാർ പറയുന്നു.
കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാകാം മഞ്ഞക്കൊമ്പന് പരിക്കേറ്റതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തുമ്പിക്കൈയിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ഇപ്പോൾ ആനയുള്ളത്.
ആർ.ആർ.ടി (Rapid Response Team) സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. മയക്കുവെടി വെച്ച് ആനയെ ചികിത്സിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി വെറ്ററിനറി ഡോക്ടർമാരുടെ പ്രത്യേക സംഘം ഉടൻ സ്ഥലത്തെത്തും. എന്നാൽ, നിലവിൽ ആന വനത്തിനുള്ളിലേക്ക് മറഞ്ഞിരിക്കുകയാണെന്നും കൃത്യമായ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
മഞ്ഞക്കൊമ്പൻ നേരത്തെ കെ.എസ്.ആർ.ടി.സി ബസിന് നേരെ പാഞ്ഞടുത്തതും വാഹനയാത്രക്കാരെ വിരട്ടിയതുമായ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ മേഖലയിലെ സ്ഥിരം സാന്നിധ്യമായ മഞ്ഞക്കൊമ്പന്റെ ആരോഗ്യാവസ്ഥയിൽ നാട്ടുകാരും വനം വകുപ്പും ആശങ്കയിലാണ്.