കോഴിക്കോട് കക്കാടംപൊയിൽ മരത്തോട് കാട്ടാന വീട് ഭാഗികമായി തകർത്തു.വൃദ്ധദമ്പതികൾ താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. 80 കാരനായ വി.ജെ ജോസഫും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസം. പുലർച്ചെ ആയിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. വീടിന്റെ പിൻഭാഗമാണ് തകർത്തത്. കനത്ത മഴ ഉണ്ടായിരുന്നതിനാൽ ഓടിക്കൂടിയ നാട്ടുകാർ തകർന്ന ഭാഗം ഉടൻ തന്നെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് താൽക്കാലികമായി ശരിയാക്കിയിട്ടുണ്ട്. കാട്ടാന വീട് തകർക്കുന്ന സാഹചര്യം വന്നതോടെ ഭയത്തോടെയാണ് വൃദ്ധ ദമ്പതികൾ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ തൊട്ടടുത്തായി കാട്ടാന വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് മറിച്ചിട്ടിരുന്നു. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കാറില്ലെന്ന് നാട്ടുകാർ ആരോപിച്ചു.