കോഴിക്കോട്: 5 വർഷത്തെ കോർപറേഷൻ ഭരണത്തിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ‘തിളക്കം’ അച്ചടിച്ചു വിതരണം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നു. കോർപ്പറേഷൻ സെക്രട്ടറിയ്ക്കാണ് അതിന്റെ ഉത്തരവാദിത്തം. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകുമെന്നും കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി.
ഇന്നലെ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു കൂടുതൽ രേഖകൾ ഹാജരാക്കാൻ കോർപറേഷൻ സെക്രട്ടറിയോടു കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് അച്ചടിച്ചതാണെന്നും കൗൺസിലർമാർക്കു മാത്രമാണ് ഇവ കൈമാറിയതെന്നും വ്യക്തമാക്കി കോർപറേഷൻ സെക്രട്ടറി നൽകിയ റിപ്പോർട്ടിനു പിന്നാലെയാണു കലക്ടർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടത്. കൗൺസിലർമാർക്കു കോപ്പി നൽകിയതിന്റെ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനാണ് കലക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നൽകിയ പരാതിയിലെ ദൃശ്യങ്ങളും കലക്ടർ പരിശോധിക്കും.ഒക്ടോബർ 26നു നടന്ന വികസന സെമിനാറിൽ തിളക്കം പ്രകാശനം ചെയ്തിരുന്നെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ അച്ചടിച്ചു കൗൺസിലർമാർക്കു നൽകിയതാണെന്നും വിതരണം ചെയ്യരുതെന്നു നിർദേശിച്ചിരുന്നെന്നും കോർപറേഷൻ സെക്രട്ടറി നൽകിയ റിപ്പോർട്ടിലുണ്ട്.
ഒരു ലക്ഷം കോപ്പിയാണ് പ്രിന്റ് ചെയ്തതെന്നും 6 ലക്ഷം രൂപ അച്ചടിക്കായി കോർപറേഷൻ നേരത്തേ തന്നെ അനുവദിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ‘തിളക്ക’ത്തിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നാണ് യുഡിഎഫ്, ബിജെപി കൗൺസിലർമാർ പറയുന്നത്. എവിടെയാണ് അച്ചടിച്ചതെന്നു പുസ്തകത്തിലില്ല. ‘തിളക്കം’ ഇന്നലെ കാരപ്പറമ്പിലും ബേപ്പൂരിലും വിതരണം ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതിയിൽ യുഡിഎഫ് ഹർജി നൽകും. നേരത്തേ പ്രകാശനം ചെയ്തതു മറ്റൊരു മുഖചിത്രമുള്ള ‘തിളക്ക’മാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.ബിജെപി കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ് ഇതു സംബന്ധിച്ച് കലക്ടർക്ക് ഇന്നലെ പരാതി നൽകി. സിപിഎം എരഞ്ഞിപ്പാലം പാർട്ടി ഓഫിസിൽ സൂക്ഷിച്ചതാണെന്നു കാണിച്ച് ‘തിളക്ക’ ത്തിന്റെ ഫോട്ടോയും വിഡിയോയും സഹിതമാണ് നവ്യ ഹരിദാസ് പരാതി നൽകിയിട്ടുള്ളത്. കലക്ടർ തടഞ്ഞിട്ടും എൽഡിഎഫ് സ്ഥാനാർഥികളും സിപിഐഎം പ്രവർത്തകരും വോട്ട് അഭ്യർഥനയ്ക്കൊപ്പം ‘തിളക്കം’ വിതരണം ചെയ്യുകയാണെന്നും ഇതു തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും അവർ പരാതിപ്പെട്ടു.