കളമശ്ശേരി എച്ച്.എം.ടി കോളനിക്ക് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്ന് പൊലീസ് സംശയിക്കുന്നു. ഡി.എൻ.എ പരിശോധനയ്ക്കായി ലാമയുടെ മകൻ സന്ദർ ലാമ കേരളത്തിൽ എത്തി.
കഴിഞ്ഞ ദിവസമാണ് എച്ച്.എം.ടിക്ക് സമീപമുള്ള കാടുപിടിച്ച പ്രദേശത്ത് ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ലാമയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങളാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. മൃതദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിൽ കാഴ്ച നഷ്ടപ്പെട്ട ലാമയെ അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ലാമയെ കണ്ടെത്തുന്നതിനായി ഹൈക്കോടതി നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഡി.എൻ.എ പരിശോധന പൂർത്തിയായാൽ മാത്രമേ മൃതദേഹം ലാമയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മകൻ സന്ദർ ലാമയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. അന്വേഷണം പുരോഗമിക്കുകയാണ്.