സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ പൊങ്കാല ഇന്ന്. ലക്ഷക്കണക്കിന് ഭലക്തരാണ് അനന്തപുരിയുടെ വിവിധ ഭാഗങ്ങളിൽ പൊങ്കാല അടുപ്പുകൾ കൂട്ടി ആറ്റുകാലമ്മയ്ക്ക് നൈവേദ്യം അർപ്പിക്കാൻ കാത്തിരിക്കുന്നത്.
രാവിലെ 9.15-ന് ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 9.45-ന് ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിൽ തീ പകരും. തോറ്റംപാട്ടുകാർ കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് തിടപ്പള്ളിയിലെ അടുപ്പിലും തുടർന്ന് പണ്ടാര അടുപ്പിലും തീ ജ്വലിപ്പിക്കും.
പണ്ടാര അടുപ്പിൽ തീ പടരുന്നതോടെ ലക്ഷക്കണക്കിന് ഭക്തർ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരും. ഇതോടെ തലസ്ഥാന നഗരി ഒരു വലിയ യാഗശാലയായി മാറും. ഉച്ചയ്ക്ക് ശേഷം 2.15-നാണ് പൊങ്കാല നിവേദ്യം നടക്കുക. 350-ഓളം പൂജാരിമാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിരിക്കുന്നത്.
ഇന്ന് ചന്ദ്രഗ്രഹണമായതിനാൽ ക്ഷേത്ര ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്ത് ചടങ്ങ് നടക്കും. തുടർന്ന് 10.45-ഓടെ ദേവിയുടെ എഴുന്നള്ളത്ത് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് പുറപ്പെടും.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ അയ്യായിരത്തോളം പോലീസുകാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. ഭക്തർക്ക് കുടിവെള്ളവും ഭക്ഷണവും ഉറപ്പാക്കാൻ സന്നദ്ധ സംഘടനകളും നഗരസഭയും സജീവമായി രംഗത്തുണ്ട്.
കെ.എസ്.ആർ.ടി.സിയും റെയിൽവേയും പൊങ്കാല പ്രമാണിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. നാളെ രാത്രി ഒൻപതരയ്ക്ക് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.