തൃശ്ശൂർ കുതിരാനിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനായി വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഒറ്റയാൻ ജനവാസ മേഖലകളിൽ ഇറങ്ങുകയും, വീടിന്റെ മുൻവശത്തെ ഇരുമ്പ് തൂണുകൾ തകർക്കുകയും ചെയ്തിരുന്നു. ഒരു ഫോറസ്റ്റ് വാച്ചറുടെ കാൽ ഒടിക്കുകയും ഫോറസ്റ്റ് ജീപ്പ് തകർക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി.
ഈ സംഭവങ്ങളെ തുടർന്ന് വനം മന്ത്രി ഉൾപ്പെടെ കഴിഞ്ഞ ദിവസം കുതിരാനിൽ എത്തി നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുങ്കിയാനകളായ വിക്രമിനെയും ഭരതിനെയും ഇന്ന് പുലർച്ചെ കുതിരാൻ പഴയ ഇരുമ്പ് പാലത്തിന് സമീപം എത്തിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
ആദ്യഘട്ടത്തിൽ ആനയെ തുരത്തി പീച്ചി വനമേഖലയിലേക്ക് തിരിച്ചയക്കാനാണ് വനംവകുപ്പിന്റെ നീക്കം. ഈ ശ്രമം വിജയിച്ചില്ലെങ്കിൽ മാത്രമേ മയക്കുവെടി വെക്കുന്നതിലേക്ക് കടക്കുകയുള്ളൂ. മയക്കുവെടി വെക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉൾപ്പെടെ ഉത്തരവ് ആവശ്യമാണ്. കൂടാതെ ആനയുടെ ആരോഗ്യനില പരിശോധിക്കുകയും വേണം. ഈ നടപടികൾ വൈകാൻ സാധ്യതയുണ്ടെങ്കിലും, ആന ജനവാസ മേഖലയിലേക്ക് വീണ്ടും ഇറങ്ങുകയാണെങ്കിൽ ഉടൻ തന്നെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിക്കും.
വടക്കാഞ്ചേരി, ചെലക്കര ഭാഗങ്ങളിലേക്കും ആനകൾ എത്തുന്നത് പീച്ചി വനമേഖലയിൽ നിന്നാണെന്ന് വനംവകുപ്പ് കണക്കാക്കുന്നു. നിരന്തരമായ കാട്ടാന ശല്യം പ്രദേശവാസികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.