കാസർഗോഡ് ഉപ്പള ടൗണിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷൻ റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സ്ഥാപനത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ ആളപായമില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന 'മാസ്റ്റർ കമ്പ്യൂട്ടേഴ്സ്' എന്ന സ്ഥാപനത്തിലാണ് ആദ്യം തീ കണ്ടത്. നിമിഷങ്ങൾക്കകം തീയും കനത്ത പുകയും കെട്ടിടമാകെ വ്യാപിക്കുകയായിരുന്നു. വിവരമറിഞ്ഞ് കാസർഗോഡ്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നുള്ള നാലിലധികം ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് കനത്ത പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്. മറ്റ് കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ഊർജ്ജിത ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. അപകടത്തെ തുടർന്ന് സമീപത്തെ കടകൾ അടപ്പിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.