Share this Article
News Malayalam 24x7
ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു; പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പാ സ്നാനത്തിന് ഭക്തർക്ക് നിയന്ത്രണം
വെബ് ടീം
14 hours 15 Minutes Ago
1 min read
sabarimala

ശബരിമല: ചിങ്ങമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. 21 വരെ പൂജകൾ ഉണ്ടാകും. ദർശനത്തിന് എത്തുന്ന എല്ലാ തീർഥാടകരും വെർച്വൽ ക്യൂ ബുക്കു ചെയ്യണം. സന്നിധാനത്തും പമ്പയിലും ശക്തമായ മഴ തുടരുകയാണ്.നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീർഥാടകർ പമ്പാ സ്നാനത്തിനു നദിയിലേക്ക് ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നട തുറന്ന് അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിച്ച് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു. ‌തുടർന്ന് മാളികപ്പുറം ക്ഷേത്രനട  തുറക്കാനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി. അതിനു‌ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണ് തീർഥാടകരെ  പടി കയറാൻ അനുവദിച്ചത്. ചിങ്ങമാസ പുലരിയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടക്കും.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നെയ്യഭിഷേകം തുടങ്ങും. അതിനു ശേഷം തന്ത്രിയുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിക്കും. തുടർന്ന് 25 ശാന്തിക്കാർ കലശത്തിനു ചുറ്റും ഇരുന്നു സഹസ്രനാമം ചൊല്ലി അർച്ചന കഴിക്കും. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി ബ്രഹ്മകലശം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും.  21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി  ശബരിമല ക്ഷേത്രനട സെപ്റ്റംബർ 3ന് വൈകിട്ട് 5ന് തുറക്കും. 7ന് അടയ്ക്കും. 4 മുതൽ 7 വരെ അയ്യപ്പ സന്നിധിയിൽ ഓണ സദ്യ ഉണ്ടാകും.

അതേ സമയം  പമ്പയിൽ ജലനിരപ്പ് ഉയർന്നു. കക്കി ഡാം തുറന്നതോടെയാണ് നദിയിൽ നീരൊഴുക്ക് കൂടിയത്. പമ്പാ സ്നാനത്തിന് ഭക്തർക്ക് നിയന്ത്രണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories