കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിന് വീണ്ടും പ്രവർത്തനാനുമതി നൽകിയതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പൊലീസും കമ്പനി ഉടമകളും ഒത്തുകളിക്കുകയാണെന്നും, ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറയുന്നു.
നേരത്തെ, പ്ലാന്റിന്റെ പ്രവർത്തനത്തിനെതിരെ പ്രദേശവാസികൾ ജനകീയ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നതിന് പിന്നാലെയാണ് പ്ലാന്റിന് ഉപാധികളോടെ വീണ്ടും പ്രവർത്തനാനുമതി നൽകിയത്. മാലിന്യ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനം. വൈകിട്ട് ആറുമണി മുതൽ രാത്രി 12 മണി വരെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പാടില്ല, പഴകിയ അറവ് മാലിന്യം പ്ലാന്റിൽ കൊണ്ടുവരരുത്, പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കണം തുടങ്ങിയ കർശന ഉപാധികളാണ് കളക്ടർ മുന്നോട്ട് വെച്ചത്.ഈ നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
എന്നാൽ, ഈ ഉപാധികൾ കമ്പനി പാലിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കമ്പനി അധികൃതർ വരുമ്പോൾ മാത്രമാണ് പ്ലാന്റ് പരിസരം വൃത്തിയായി കാണുന്നതെന്നും, അല്ലാത്തപ്പോൾ രൂക്ഷമായ ദുർഗന്ധം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. "ആറ് വർഷത്തിന് ശേഷം ഇന്നാണ് മണമില്ലാത്ത ഒരു ശുദ്ധവായു കിട്ടിയത്" എന്ന് ഒരു വീട്ടമ്മ പറയുന്നു.കുട്ടികൾക്ക് പലതരം അസുഖങ്ങൾ, പ്രത്യേകിച്ച് അലർജി പോലുള്ള പ്രശ്നങ്ങൾ, നിത്യേന ഇൻഹേലറുകളും നെബുലൈസറുകളും സ്പ്രേകളും ഉപയോഗിക്കേണ്ടി വരുന്നതായും രക്ഷിതാക്കൾ പരാതിപ്പെടുന്നു. മൂന്ന് ദിവസം അടുപ്പിച്ച് ദുർഗന്ധമുണ്ടായാൽ കുട്ടികൾക്ക് പനി വന്ന് കിടപ്പിലാകുമെന്നും അവർ പറയുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയുന്നില്ലെന്നും, പഠനം മുടങ്ങി ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കേണ്ടി വരികയാണെന്നും ഇത് തങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും രക്ഷിതാക്കൾ ആശങ്കപ്പെടുന്നു.
പൊലീസും കമ്പനി ഉടമകളും ഒത്തുകളിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. സമരത്തിനിടെ വാഹനങ്ങൾ കത്തിക്കുകയും കല്ലെറിയുകയും ചെയ്തത് നാട്ടുകാരല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും ഇവർ പറയുന്നു. സമരസമിതി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും വീടുകളിൽ കയറിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്. ഡി.വൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി. മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് കലാപം, വഴിതടയൽ, അന്യായമായി സംഘം ചേരൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. പൊലീസ് റെയ്ഡുകൾ കാരണം ഗർഭിണികളും കുട്ടികളും വിദ്യാർത്ഥികളുമടക്കം നിരവധിപേർ ഭയന്ന് ഒളിവിൽ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു..രാത്രികാലങ്ങളിൽ പോലും വീടുകളിൽ മുട്ടി വിളിച്ച് ഫോട്ടോകൾ കാണിച്ച് ആളുകളെക്കുറിച്ച് ചോദിക്കുന്നത് കുട്ടികളെ ഭീതിയിലാഴ്ത്തുന്നു.
ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് പൂർണ്ണമായി അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. തങ്ങളുടെ ജില്ലയിൽ ഇത്തരം ഒരു പ്ലാന്റ് ആവശ്യമില്ലെന്നും, മലപ്പുറം ജില്ലയിലൊക്കെ ഒരുപാട് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഓരോ വീട്ടമ്മമാരും ഉറച്ച തീരുമാനത്തിലാണ്. നിലവിലെ പൊലീസ് നടപടികൾ അവസാനിപ്പിക്കണമെന്നും ഒളിവിൽ കഴിയുന്നവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ അവസരം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.