അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരുവാളി സ്വദേശിനി എം. ശോഭന (56) മരിച്ചു. ഇതോടെ, ഒരു മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം മരിക്കുന്നവരുടെ എണ്ണം അഞ്ചായി.
സെപ്റ്റംബർ നാലിനാണ് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ അബോധാവസ്ഥയിലായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ചികിത്സയിലുള്ളവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
നേരത്തെ, കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും, മലപ്പുറം കണ്ണമംഗലം സ്വദേശിനി റംല (52), വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് (45), താമരശ്ശേരി സ്വദേശിനിയായ ഒമ്പത് വയസ്സുകാരി അനയ എന്നിവരും ഇതേ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് നിലവിൽ ചികിത്സയിലുള്ളത്.
രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് തുടരുകയാണെങ്കിലും, ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, സ്വിമ്മിംഗ് പൂളുകളിലെയും വാട്ടർ തീം പാർക്കുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും നിർദേശമുണ്ട്. അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ കടുത്ത തലവേദന, പനി, ഛർദ്ദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്.