Share this Article
News Malayalam 24x7
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
വെബ് ടീം
posted on 18-06-2025
1 min read
p j francis

ആലപ്പുഴ: കോൺ​ഗ്രസ് നേതാവും മാരാരിക്കുളം മുൻ എംഎൽഎയും അഡ്വ. പി. ജെ. ഫ്രാൻസിസ് (88) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംഗ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് പി. ജെ. ഫ്രാൻസിസ്.

വഴിച്ചേരി വാര്‍ഡില്‍ പള്ളിക്കത്തൈ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഫ്രാന്‍സിസ്.1978-84 കാലഘട്ടത്തില്‍ ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ഏറെക്കാലം ഡിസിസി വൈസ് പ്രസിഡന്റായിരുന്നു. 1987ലും 91ലും അരൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ഗൗരിയമ്മക്കെതിരെ മത്സരിച്ചു.

മൂന്നാമൂഴത്തിലാണ് മാരാരിക്കുളത്ത് മത്സരിക്കാനെത്തിയത്.1965 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷത്തെയും രാഷ്ട്രീയ കേരളത്തെയും ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സിസ് വിജയിച്ചു കയറിയത്. 91ല്‍ 9980 വോട്ടുകള്‍ക്ക് ഡി സുഗതനെ പരാജയപ്പെടുത്തിയാണ് വിഎസ് നിയമസഭയിലെത്തിയിരുന്നത്. അങ്ങനെ ഇടതുരാഷ്ട്രീയത്തില്‍ കരുത്തനായി നില്‍ക്കവെയായിരുന്നു ഫ്രാന്‍സിസിന്റെ അപ്രതീക്ഷിത വിജയം. അതോടെ ജയന്റ് കില്ലറെന്ന വിശേഷണം ഫ്രാന്‍സിസിന് ലഭിച്ചു.2001ല്‍ മാരാരിക്കുളത്ത് ഫ്രാന്‍സിസിനെ തന്നെ കോണ്‍ഗ്രസ് മത്സരിപ്പിച്ചപ്പോള്‍ ടിഎം തോമസ് ഐസക്കിനെയാണ് സിപിഐഎം മത്സരിപ്പിച്ചത്. വിജയം തോമസ് ഐസക്കിനോടൊപ്പം നിന്നു. 12403 വോട്ടുകള്‍ക്കാണ് തോമസ് ഐസക്ക് വിജയിച്ചത്.

സെന്റ് ജോസഫ് വനിത കോളേജിലെ ചരിത്ര പ്രൊഫസറായ വി പി മറിയാമ്മയാണ് പി ജെ ഫ്രാന്‍സിസിന്റെ ഭാര്യ. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories