മുളന്തുരുത്തി: ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കൃഷി വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കാരിക്കോട് കള്ളാച്ചിയില്‍ കെ.കെ. ജോർജ്ജാണ് (53) മരിച്ചത്. കൊടും വളവുള്ള റോഡില്‍ അമിത വേഗതയിലെത്തിയ എൻജിനീയറിങ് കോളജിന്റെ ബസ്സ് ജോർജ് ഓടിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ എട്ടരയോടെ ആരക്കുന്നത്തുനിന്ന് വരികയായിരുന്ന കെഎസ്‌ആർടിസി ബസ് വളവില്‍വെച്ച് കാറിനെ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് എതിരെ വന്ന സിമന്റ് ലോറി ബ്രേക്കിടുകയും പിന്നിലുണ്ടായിരുന്ന ജോർജ്ജിന്റെ ബൈക്ക് പെട്ടെന്ന് വേഗം കുറയ്ക്കുകയും ചെയ്തു. പിന്നില്‍ നിന്ന് അമിതവേഗതയില്‍ എത്തിയ എഞ്ചിനീയറിങ് കോളേജിന്റെ ബസ്സ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഉടൻ തന്നെ ജോർജ്ജിനെ ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൃഷി വകുപ്പ് തൊടുപുഴ ഹോർട്ടികള്‍ച്ചർ വിഭാഗം ഓഫീസിന്റെ ചുമതയലുള്ള ഡെയ്പൂട്ടി ഡയറക്ടറായിരുന്നു.കാരിക്കോട്ടെ വീട്ടില്‍നിന്ന് പിറവത്തുവരെ ബൈക്കില്‍ പോയി അവിടെനിന്ന് ഓഫീസിലെ സഹപ്രവർത്തകനൊപ്പം കാറിലായിരുന്നു തൊടുപുഴ ഓഫീസിലേക്കു പോയിരുന്നത്. പിറവത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.