പാലക്കാട് കണ്ണാടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ വൻ പ്രതിഷേധം. അധ്യാപികയുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥികളും വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപിക രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് 14 വയസ്സുകാരനായ അർജുനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്കൂൾ യൂണിഫോം പോലും മാറ്റാതെയാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ചില വിദ്യാർത്ഥികൾ തമ്മിൽ മെസ്സേജ് അയച്ചതുമായി ബന്ധപ്പെട്ട് അധ്യാപിക അർജുനെ മാനസികമായി പീഡിപ്പിക്കുകയും സൈബർ സെല്ലിൽ പരാതി നൽകുമെന്നും, ജയിലിൽ അടക്കുമെന്നും 50,000 രൂപ പിഴ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കൾ ആരോപിക്കുന്നു.
അതേസമയം, വിദ്യാർത്ഥിയെ ശാസിച്ചത് അധ്യാപികയുടെ കടമ മാത്രമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ വിശദീകരിച്ചു. എന്നാൽ, അധ്യാപികയുടെ ഭീഷണി കാരണമാണ് തങ്ങളുടെ മകൻ ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ ആരോപണത്തെ തുടർന്ന് അവർ കുഴൽമന്ദം പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. വിദ്യാർത്ഥിയുടെ മരണത്തിൽ അധ്യാപികക്കെതിരെ പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രതിഷേധം തുടരുകയാണ്. അധ്യാപിക രാജിവെക്കുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും അവർ അറിയിച്ചു.