Share this Article
News Malayalam 24x7
തുടക്കം ചിക്കന്‍ ബിരിയാണിയില്‍, കലാമണ്ഡലത്തില്‍ നോണ്‍ വെജ് എത്തി; നോണ്‍ വെജിനെതിരെ മുന്‍ രജിസ്ട്രാര്‍ ഉൾപ്പെടെ ഫാക്കൽറ്റി അംഗങ്ങളും
വെബ് ടീം
posted on 12-07-2024
1 min read
kerala-kalamandalam-breaks-with-past-serves-non-veg-food

തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികള്‍ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കുന്നത്. അതേ സമയം ഫാക്കല്‍റ്റി അംഗങ്ങള്‍ അടക്കം ഒരു വിഭാഗം നോണ്‍ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ ചിക്കന്‍ ബിരിയാണിയാണ് കാന്റീനില്‍ വിളമ്പിയത്. 1930 ല്‍ സ്ഥാപിതമായ കലാമണ്ഡലത്തില്‍ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യ രീതികള്‍ അനുസരിച്ച് വെജിറ്റേറിയന്‍ ഭക്ഷണമാണ് അനുവദിച്ചിരുന്നത്.എന്നാല്‍ പുതിയ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നോണ്‍ വെജ് ഉള്‍പ്പെടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ചിക്കന്‍ ബിരിയാണി ഒരു തുടക്കം മാത്രമാണെന്നും, മെനുവില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നും മൃദംഗം വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാനുമായ അനുജ് മഹേന്ദ്രന്‍ പറഞ്ഞു.

ഫാക്കല്‍റ്റി അംഗങ്ങള്‍ അടക്കം ഒരു വിഭാഗം കാമ്പസില്‍ നോണ്‍ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയ ഓയില്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം.

ക്ലാസിക്കല്‍ കലകളുടെ പരിശീലനത്തില്‍ മാംസാഹാരം ദോഷം ചെയ്യും. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് നീങ്ങാതെ അധികൃതര്‍ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന്  മുന്‍രജിസ്ട്രാര്‍ എന്‍ആര്‍ ഗ്രാമപ്രകാശ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories