സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നതിനിടെ കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കും ഒരു യുവതിക്കും ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഴൂർ, പൂമംഗലം പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. മഴൂരിലെ രതീഷിന്റെ മകനായ പതിനൊന്നുകാരൻ യാദവ് കൃഷ്ണ, നാലാം ക്ലാസ് വിദ്യാർത്ഥിയായ പത്തുവയസ്സുകാരൻ റയാൻ, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുവയസ്സുകാരൻ മുഹമ്മദ് സുഹൈൽ എന്നിവർക്കാണ് ആദ്യം കടിയേറ്റത്. സുഹൈലിന്റെ മുഖത്താണ് തെരുവുനായ കടിച്ചുപറിച്ചത്.
തുടർന്ന് പൂമംഗലം സ്വദേശിനിയായ ജിംന എന്ന യുവതിക്കും തെരുവുനായയുടെ കടിയേറ്റു. തന്റെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ട് തിരികെ വരുമ്പോഴാണ് ജിംനക്ക് നേരെ ആക്രമണമുണ്ടായത്. പൂമംഗലം സി.എച്ച്. സ്മാരക വായനശാലയുടെ പരിസരത്ത് വെച്ചാണ് ജിംനക്ക് കടിയേറ്റത്.
തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് സൂപ്പർമാർക്കറ്റ് ഉടമ മുഹമ്മദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തെരുവുനായ തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന പഴക്കുല എറിഞ്ഞ് ഓടിച്ചാണ് മുഹമ്മദ് രക്ഷപ്പെട്ടത്. തെരുവുനായയെ കണ്ടെത്താൻ നാട്ടുകാർ ഊർജ്ജിതമായ ശ്രമങ്ങൾ നടത്തിവരികയാണ്.