മുതലമടയിൽ ആദിവാസി യുവാവിനെ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ഫാംസ്റ്റേ ഉടമ അറസ്റ്റിൽ. മുതലമട സ്വദേശിനി രംഗനായകിയെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇവരുടെ മകൻ പ്രഭുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അതേസമയം, സംഭവം പുറംലോകത്തെ അറിയിച്ച ശേഷം കാണാതായ ഫാമിലെ ജീവനക്കാരൻ തിരുനാവക്കരശിനെ കണ്ടെത്തി.
ഫാമിലെ തൊഴിലാളിയായ വെള്ളയൻ എന്നയാൾക്ക് നേരെയായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. അനുവാദമില്ലാതെ മദ്യപിച്ചു എന്നാരോപിച്ച് രംഗനായികയും മകൻ പ്രഭുവും ചേർന്ന് വെള്ളയനെ ആറ് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം നൽകി ക്രൂരമായി പീഡിപ്പിച്ചു.
ഈ വിവരം പുറത്തുവിട്ടതോടെയാണ് ഫാമിലെ മറ്റൊരു ജീവനക്കാരനായ തിരുനാവക്കരശിനെ കാണാതായത്. തനിക്കും സമാനമായ രീതിയിൽ മർദനമേറ്റിട്ടുണ്ടെന്നും, ജീവന് ഭീഷണിയുണ്ടെന്നും കാണിക്കുന്ന വീഡിയോ സന്ദേശം പുറത്തുവിട്ട ശേഷമാണ് ഇയാൾ ഒളിവിൽ പോയത്. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫാംസ്റ്റേയ്ക്ക് സമീപമുള്ള കാട്ടിൽ നിന്നാണ് തിരുനാവക്കരശിനെ കണ്ടെത്തിയത്.
പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്നാണ് മർദനത്തിനിരയായ വെള്ളയനെ മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു