കൊച്ചി: വീണ്ടും വെർച്വൽ അറസ്റ്റ് വഴി പണം തട്ടിയെടുത്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിനിയായ 59-കാരിക്ക് തട്ടിപ്പിലൂടെ നഷ്ടമായത് രണ്ടേമുക്കാൽ കോടി രൂപ. ജെറ്റ് എയർവേയ്സ് സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന് പറഞ്ഞായിരുന്നു സംഘം വിളിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. മുംബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സമീപിച്ചത്.
ജെറ്റ് എയർവേയ്സ് സാമ്പത്തിക തട്ടിപ്പിലെ രണ്ടു കോടി രൂപ വീട്ടമ്മയുടെ അക്കൗണ്ടിൽ എത്തിയതിനും ഇരുപത്തിയഞ്ചു ലക്ഷം രൂപ കമ്മീഷൻ പറ്റിയെന്നും ആയിരുന്നു ആരോപിച്ച കുറ്റം. വിശ്വസിപ്പിക്കാൻ വേണ്ടി വീട്ടമ്മയെ ഓൺലൈനായി വ്യാജ കോടതിയിലും ഹാജരാക്കി. ജഡ്ജിയും വക്കീലും ഉണ്ടായിരുന്ന കോടതിയിൽ ഒരു യുവതി വീട്ടമ്മക്കെതിരെ മൊഴി നൽകി.
പണം തട്ടിയെടുത്തതിന് പിന്നാലെ കേസിൽ നിന്ന് ഒഴിവാക്കിയെന്ന സന്ദേശമെത്തി. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനും നിർദ്ദേശം നൽകി. ഇത് വിശ്വസിച്ച് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ പി.സി.സി. വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വീട്ടമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.