കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച മരിച്ച ഒമ്പതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. സഹോദരനും അനയ കുളിച്ച അതേ കുളത്തിൽ കുളിച്ചിരുന്നുവെന്നാണ് വിവരം.
നിലവിൽ അഞ്ചുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ നാൽപ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്കും ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും ചികിത്സയിലാണ്.
വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയിൽ സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസ്സെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.