പാലക്കാട്: അഗളിയിൽ കടുവ സെൻസസിനു പോയ വനിതകൾ അടങ്ങിയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തിൽ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴിൽ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് വനത്തിൽ വഴിതെറ്റി കുടുങ്ങിയത്.
ഇന്ന് രാവിലെ തമിഴ്‌നാട് വനാതിർത്തിയോട് ചേർന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാൻ പോയതായിരുന്നു സംഘം. വൈകിട്ട് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തിൽ വഴിതെറ്റുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നു.
മൊബൈൽ ഫോൺ റേഞ്ചുണ്ടായിരുന്നതിനാൽ വിവരം പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടർന്ന് രാത്രി എട്ടോടെ പുതൂർ ആർആർടി വനത്തിലേക്ക് പുറപ്പെട്ടു.