Share this Article
KERALAVISION TELEVISION AWARDS 2025
ഗര്‍ഭിണിയെ മർദിച്ച സംഭവം; SHOക്ക് സസ്പെൻഷൻ
Kerala Police SHO Suspended Following Assault on Pregnant Woman in Ernakulam

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ അരൂർ എസ്എച്ച്ഒ പ്രതാപചന്ദ്രനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെയുള്ള വകുപ്പുതല അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. 2024 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസിൽ പ്രതിയെ പിടികൂടുന്നത് യുവതിയുടെ ഭർത്താവ് ഫോണിൽ പകർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സ്റ്റേഷനിലെ മർദനത്തിൽ കലാശിച്ചത്. യുവതിയെ മുഖത്തടിക്കുകയും നെഞ്ചത്ത് തള്ളി മാറ്റുകയും ചെയ്ത ക്രൂരത സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആദ്യം ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ കുടുംബം നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ ദിവസം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സിറ്റി പൊലീസ് കമ്മീഷണർ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കുകയായിരുന്നു.


പ്രതാപചന്ദ്രനെതിരെ ഇതിനുമുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു സ്വിഗ്ഗി ഡെലിവറി ബോയിയെ റോഡിലിട്ട് മർദിച്ച സംഭവത്തിലും ഇയാൾക്കെതിരെ ആരോപണമുണ്ട്. നിലവിലെ സസ്പെൻഷൻ നടപടിയിൽ തൃപ്തരല്ലെന്നും, ഗർഭിണിയെ മർദിച്ച എസ്എച്ച്ഒയ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് യുവതിയുടെ കുടുംബത്തിന്റെ പ്രധാന ആവശ്യം. ഇന്ന് ആരംഭിക്കുന്ന വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories