കോഴിക്കോട്: ഇടിമിന്നലേറ്റ് മധ്യവയസ്ക മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. വീടിന്റെ ഇടനാഴിയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.പ്രദേശത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു.
പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. മാളശ്ശേരി ഷിജുവിന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. സ്ലാബും സൺഷെയ്ഡും തകർന്ന നിലയിലാണ്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വീട് തകർന്നതായാണ് വിവരം.കോഴിക്കോട്, പുതുപ്പാടി, അടിവാരം ഭാഗങ്ങളിൽ ശക്തമായ മഴയായിരുന്നു. മണൽവയൽ പാലത്തിൽ വെള്ളം കയറി.
ഞായറാഴ്ചയും കോഴിക്കോട് ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്