സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയേറ്റർ സമുച്ചയത്തിലെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 10 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിയേറ്ററിലെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിൽ പ്രചരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ എങ്ങനെ ചോർന്നു, ഇതിനു പിന്നിൽ ആരാണ് തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും അന്വേഷിക്കുക. അന്താരാഷ്ട്ര ചലച്ചിത്ര മേളയടക്കം നടക്കുന്ന തിയേറ്ററിൽ സുരക്ഷാ വീഴ്ചയുണ്ടായതിനെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
സ്വകാര്യതയെ മാനിക്കാതെ സ്ത്രീകളുടെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കെ.എസ്.എഫ്.ഡി.സി അറിയിച്ചു.