ഇടുക്കി അടിമാലി ടൗണിൽ ഭിക്ഷാടകരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. അടിമാലി ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഭിക്ഷാടകരുടെ ശല്യം ഏറ്റവുമധികം അനുഭവപ്പെടുന്നത്. വ്യാപാരികളെയും സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും യാത്രക്കാരെയും ഇവർ ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതി ഉയരുന്നു.
പണം നൽകാത്തവരോട് ഇവർ മോശമായി പെരുമാറുന്നതും പലപ്പോഴും ഭീഷണിപ്പെടുത്തുന്ന തരത്തിൽ പെരുമാറുന്നതും പതിവാകുകയാണ്. ഒരിക്കൽ സമീപിച്ചാൽ പണം നൽകാതെ പിന്മാറാൻ ഇവർ തയ്യാറാകുന്നില്ല. ഇത് ടൗണിലെത്തുന്ന സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. പ്രായമായവരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമാണ് ഈ സംഘത്തിൽ അധികവുമുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അടിമാലി ടൗണിൽ ഇത്തരത്തിൽ ഭിക്ഷാടകരെ സംഘടിതമായി എത്തിക്കുന്നതിന് പിന്നിൽ ഏതെങ്കിലും മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്. പലരെയും രാവിലെ വാഹനങ്ങളിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഇറക്കി വിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഭിക്ഷാടന നിരോധന നിയമങ്ങൾ നിലനിൽക്കെ, ടൗണിലെ ഈ അവസ്ഥ പരിഹരിക്കാൻ പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഇടപെടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.