പെട്രോൾ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് പെട്രോൾ പമ്പിൽ വെച്ച് സ്വന്തം ബൈക്കിന് തീയിട്ടു. ആലുവ ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ ചെങ്ങമനാട് സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട് പമ്പിലെ ജീവനക്കാരുമായി പ്രദീപ് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഇയാൾ ബൈക്കിന് തീ കൊളുത്തുകയായിരുന്നു. ബൈക്ക് ആളിക്കത്തിയതോടെ പമ്പിലുണ്ടായിരുന്ന ജീവനക്കാരും മറ്റു യാത്രക്കാരും പരിഭ്രാന്തരായി.
ഉടൻതന്നെ പമ്പിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചു. സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. പ്രദീപ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.