Share this Article
News Malayalam 24x7
PT 5 രക്ഷാ ദൗത്യം ആരംഭിച്ചു; മയക്കുവെടി വെച്ചു
Rescue Mission for Injured Elephant PT 5 Begins

കണ്ണിന് പരിക്കേറ്റ കാട്ടാനയായ പിടി 5-നെ ചികിത്സിക്കുന്നതിനുള്ള വനംവകുപ്പിന്റെ രക്ഷാദൗത്യം ആരംഭിച്ചു. കവ വനമേഖലയിൽ കണ്ടെത്തിയ ആനയെ ദൗത്യസംഘം മയക്കുവെടി വെച്ചു. ആദ്യശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് രണ്ടാമത്തെ തവണയാണ് ആനയെ മയക്കുവെടി വെച്ചത്.

ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം കാടിനുള്ളിലേക്ക് പ്രവേശിച്ചു. ആന മയങ്ങിയ ശേഷം കണ്ണിന്റെ പരിക്ക് പരിശോധിച്ച് ചികിത്സ നൽകാനാണ് ശ്രമം. ആദ്യതവണ ആനയുടെ പിൻകാലിൽ മയക്കുവെടി വെച്ചെങ്കിലും, വാലുകൊണ്ട് തട്ടിക്കളഞ്ഞ് ആന കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കാഴ്ചയ്ക്ക് പ്രശ്‌നങ്ങളുള്ളതിനാൽ ആന അധികം ദൂരം പോകില്ലെന്ന നിഗമനത്തിലായിരുന്നു ദൗത്യസംഘം.


ചികിത്സയ്ക്കായി മൂന്ന് തരത്തിലുള്ള പദ്ധതികളാണ് ദൗത്യസംഘം തയ്യാറാക്കിയിരുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആനയുടെ പരിക്ക് ഗുരുതരമല്ലെങ്കിൽ ചികിത്സ നൽകി കാട്ടിലേക്ക് തന്നെ തിരികെ അയക്കും. എന്നാൽ, വിദഗ്ദ്ധ ചികിത്സ ആവശ്യമാണെങ്കിൽ ആനയെ ബേസ് ക്യാമ്പിലേക്ക് മാറ്റി തുടർചികിത്സ നൽകാനാണ് തീരുമാനം. ഇതിനായി എലിഫന്റ് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.

കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ദൗത്യസംഘം നിലവിൽ ആനയെ നിരീക്ഷിച്ചുവരികയാണ്. പരിശോധനകൾക്ക് ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories