തിരുവനന്തപുരം കോർപ്പറേഷൻ മേയറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരിനാണ് നിലവിൽ കൂടുതൽ മുൻതൂക്കം ലഭിക്കുന്നത്. കൗൺസിൽ അംഗങ്ങളുമായി ബിജെപി നേതൃത്വം നടത്തിയ ചർച്ചകളിൽ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിലാണ് ഭൂരിഭാഗം പേരും താല്പര്യം പ്രകടിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപി ക്യാമ്പുകളിൽ മേയർ സ്ഥാനത്തെ ചൊല്ലി സജീവമായ ചർച്ചകൾ നടന്നു വരികയായിരുന്നു. ആർ. ശ്രീലേഖയ്ക്ക് പുറമെ ബിജെപി നേതാവ് വി.വി. രാജേഷിന്റെ പേരും ചർച്ചകളിൽ ഉയർന്നു കേട്ടിരുന്നു. എന്നാൽ ഭരണരംഗത്തെ പരിചയസമ്പത്തും ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും മുൻനിർത്തി ശ്രീലേഖയ്ക്ക് തന്നെ നറുക്കുവീഴാനാണ് സാധ്യത.
മേയർ സ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി മേയറെ കണ്ടെത്താനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. സിമി ജ്യോതിഷ്, ജി.എസ്. മഞ്ജു, ആശാനാഥ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.
മേയർ പദവിയുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായ വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ആർ. ശ്രീലേഖ നേരത്തെ പ്രതികരിച്ചിരുന്നു. എന്നിരുന്നാലും, പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും പദവി ലഭിച്ചില്ലെങ്കിലും വാർഡിലെ ജനസേവനവുമായി സജീവമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. പാർട്ടി അധ്യക്ഷന്റെ തീരുമാനത്തിന് എല്ലാവരും വഴങ്ങുമെന്ന് വി.വി. രാജേഷും പ്രതികരിച്ചു.
ഇന്നുതന്നെ ബിജെപി നേതൃത്വത്തിൽ നിന്ന് മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ശ്രീലേഖ മേയറാകുന്നതോടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ വലിയ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.