കൊട്ടിയം മൈലക്കാട് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡ് തകർന്നു. ഉയരത്തിലുള്ള പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. റോഡിൽ തിരക്കുള്ള സമയത്താണ് കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണത്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് മൈലക്കാട് അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു.
സംഭവം ഗൗരവകരമായി കണ്ട പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടി. ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. നിർമ്മാണത്തിലെ അപാകതയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കും.