Share this Article
News Malayalam 24x7
ചരിത്ര വിജയം സൃഷ്ടിച്ച് ജനറൽ ആശുപത്രി കാത് ലാബ്
 General Hospital Cath Lab Achieves Historic Success in Kerala

തൃശൂർ : 2022 ൽ പ്രവർത്തനമാരംഭിച്ചു മൂന്നര വർഷത്തിനുള്ളിൽ  നാലായിരം കേസുകൾ പൂർത്തിയാക്കിയ സുവർണ്ണ നിമിഷത്തിൽ ചരിത്ര നേട്ടവും സ്വന്തമാക്കി തൃശൂർ ജനറൽ ആശുപത്രി കാത് ലാബ്. കേരള ആരോഗ്യ വകുപ്പിന്റെ  ( DHS ) കീഴിൽ  എറണാകുളം ജനറൽ ആശുപത്രിക്ക് ശേഷം ട്രാൻസ്‌ കത്തീറ്റർ  അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (TAVR ) ശസ്ത്രക്രിയ  വിജയകരമാക്കി പൂർത്തീകരിച്ച കേരളത്തിലെ രണ്ടാമത്തെ ആശുപത്രിയായി തൃശൂർ ജനറൽ ആശുപത്രിയെ  മാറ്റിയെടുത്തിരിക്കുകയാണ്  ജനറൽ ആശുപത്രി തൃശ്ശൂരിന്റെ കാർഡിയോളജി വിഭാഗം. 


ഇന്റർവെൻഷണൽ ഹൃദയ ശസ്ത്രക്രിയ രംഗത്തെ ഏറ്റവും ചിലവേറിയതും സങ്കീർണ്ണവുമായ കീ ഹോൾ ശസ്ത്രക്രിയ  ആണ് TAVR.ശ്വാസതടസ്സവും നെഞ്ചുവേദനയെയും തുടർന്ന് അഡ്മിറ്റ്‌ ആയ 68 വയസ്സുള്ള ട്രൈബൽ രോഗിക്കാണ് ഈ ശസ്ത്ര ക്രിയ ഫലപ്രദമായി പൂർത്തീകരിക്കുവാൻ സാധിച്ചത്. എക്കോ കാർഡിയോഗ്രാം, സി. ടി സ്കാൻ,  എന്നിങ്ങനെയുള്ള  പരിശോധനകളിലൂടെ ഹൃദയത്തിന്റെ അയോർട്ടിക് വാൽവിന് ഗുരുതരമായ ചുരുക്കം കണ്ടുപിടിക്കുകയും തുടർന്ന് ട്രിമെൻഷ്യോ പരിശോധന വഴി സ്ഥിരീകരിച്ച്  ഫിറ്റ്നസ്  പരിശോധനകൾക്കും ഒടുവിൽ രോഗി ശസ്ത്രക്രിയക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി.

ശേഷം അതിനു വേണ്ടുന്ന തുടർ പ്രവർത്തനങ്ങൾക്കായി തൃശൂർ കോർപ്പറേഷൻ മേയർ ബഹു : എം. കെ വർഗീസ്, DMO : Dr. ടി പി.ശ്രീദേവി എന്നിവരിൽ നിന്നും അനുമതി വാങ്ങി . ആറു മാസത്തോളം നീണ്ട മുന്നൊരുക്കങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി  ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ: താജ്പോൾ പനയ്ക്കൽ, RMO : ഡോ. നോബിൾ ജെ തൈക്കാട്ടിൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും കൂട്ടായി  ഈ ശസ്ത്രക്രിയയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി നാളെന്നും കൂടെ ഉണ്ടായിരുന്നു. 

14 ലക്ഷത്തോളം ചിലവ് വരുന്ന ഈ ശസ്ത്രക്രിയ   ട്രൈബൽ ഫണ്ട് മുഘേന സൗജന്യമായാണ് രോഗിക്ക് വേണ്ടി ചികിത്സ നൽകുവാൻ സാധിച്ചത്.എല്ലാവിധ അനുമതികളോടും മുന്നൊരുക്കങ്ങളോടും തയ്യാറെടുപ്പുകളോടും കൂടി രോഗിയെ 28/8/25 ന് ശസ്ത്രക്രിയക്ക് വിധേയമാക്കി. 

ഹൃദയ ശസ്ത്രക്രിയ രംഗത്തെ അതി വിദഗ്ദ്ധനായ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് Dr. ഷഫീഖ് മാട്ടുമ്മേലിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റുമാരായ Dr. വിവേക് തോമസ്, Dr. കൃഷ്ണ കുമാർ  എന്നിവർ ശസ്ത്രക്രിയ നിർവ്വഹിച്ചു. അവർക്കൊപ്പം തന്നെ കാർഡിയാക് അനസ്തേഷ്യ സർജൻ Dr.സാജൻ കെ സെബാസ്റ്റ്യൻ, കാർഡിയോ തൊറാസിക് സർജൻ Dr. നിവിൻ ജോർജ്,  കാർഡിയോ വാസ്ക്കുലാർ സർജൻ Dr. വിനീത് കുമാർ, എന്നിവരും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗബാക്കായി.


അനസ്തേഷ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ സമയത്ത് പ്രത്യേകമായി രൂപ കല്പന ചെയ്ത പുതിയ അയോർട്ടിക് വാൽവുള്ള കത്തീറ്റർ കാലിലെ രക്ത കുഴലിലൂടെ മഹാധമനിയിലേക്ക് എത്തിക്കുകയും തുടർന്ന് അവിടെ  വച്ച് പുതിയതായി സ്ഥാപിച്ച വാൽവിനെ വിന്യസിപ്പിക്കുകയും വികസിപ്പികുകയും ചെയ്തു.രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് മുന്നും ശേഷവും ശാസ്ത്രക്രിയയിലുടനീളവും രോഗിക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ ശസ്ത്രക്രിയ പൂർത്തിയാക്കുവാൻ കാത് ലാബ് ടീം അംഗങ്ങൾക്ക്  സാധിച്ചു. 


കാത് ലാബ് ടെക്‌നിഷ്യന്മാരായ ശ്രീലക്ഷ്മി, ദിവ്യ, സ്ക്രബ് നഴ്‌സ്‌ ജിന്റോ ജോസ്, ശ്രുതി രാജേഷ്, ബ്രിസ്റ്റോ ഷാജു, ജെസ്സി കെ. ജെ, ഷഹീദ എന്നിവരും  ശസ്ത്രക്രിയയുടെ  ഭാഗമായി.സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദു മനോജ്‌, കാർഡിയോളജി ജൂനിയർ മെഡിക്കൽ ഓഫീസർമാരായ Dr. ആദർശ്, Dr. നൗറസ്, Dr. അശ്വതി എന്നിവരും ശസ്ത്രക്രിയക്കു വേണ്ട പ്രവർത്തനങ്ങളിൽ പങ്കാളികളായി. 

ശസ്ത്രക്രിയക്ക് ശേഷം രോഗിയെ സി. സി. യു വിലേക്കു മാറ്റി രണ്ടാം ദിവസം  ഹൃദയത്തിന്റെ മിടിപ്പ് ശരിയായ രീതിയിൽ നിലനിർത്തുന്നതിനും വേണ്ടി സർജറി വിഭാഗം വിദഗ്ധനായ Dr. മനോജ് ന്റെ സഹകരണത്തോടെ പേസ്മേക്കർ ശസ്ത്രക്രിയയും നടത്തി.സങ്കീർണ്ണതകളൊന്നുമില്ലാതെ രോഗി സുഖം പ്രാപിച്ചു വരുന്നു. 


ഇക്കഴിഞ്ഞ ആറുമാസത്തോളം നീണ്ട പരിശ്രമങ്ങളുടെ വിജയ തിളക്കത്തിൽ കാത് ലാബ് അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നു.ഇതുവരെ  പൂർത്തിയാക്കിയ വിവിധ തരം ശസ്ത്രക്രിയകളിലെ ഏറ്റവും  ചിലവേറിയ  സങ്കീർണ്ണമായതും ചെയ്യാവുന്നതിലെ  ഏറ്റവും വലിയ  ശസ്ത്രക്രിയ എന്ന പൊൻതൂവൽ കൂടി .കാത് ലാബ് തൃശൂർ ജനറൽ ആശുപത്രിക്ക് ചാർത്തിക്കൊണ്ട് നാലായിരം കേസുകളുടെ വജ്ര തിളക്കത്തോടെ ചരിത്രം സൃഷ്‌ടിച്ച നാളുകളിലൂടെ കടന്നു പോകുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories