ഓടുന്ന ട്രെയിനില്‍ നിന്ന് സ്ത്രീയെ തള്ളിയിട്ട് പണവും മൊബൈൽ ഫോണും കവർന്നു. തൃശ്ശൂർ സ്വദേശിനിയായ അമ്മിണിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
സമ്പർക്ക് ക്രാന്തി എക്സ്പ്രസ്സിലെ എസ്-1 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന അമ്മിണിയെ, 35-നും 45-നും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരാൾ ആക്രമിക്കുകയായിരുന്നു. സഹോദരൻ ശുചിമുറിയിലേക്ക് പോയ സമയത്താണ് സംഭവം. അമ്മിണിയുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ഇത് ചെറുക്കുന്നതിനിടെ ഇരുവരും തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വീഴുകയുമായിരുന്നു.
പുറത്തേക്ക് തെറിച്ചുവീണ അമ്മിണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ വീണതിന് സമീപത്തുകൂടി മറ്റൊരു തീവണ്ടി കടന്നുപോയെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീഴ്ചയിൽ പരിക്കേറ്റെങ്കിലും അക്രമി, 8500 രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റു യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. ഉടൻതന്നെ അമ്മിണിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിൽ തുന്നലുകളുള്ള അമ്മിണി ചികിത്സയ്ക്ക് ശേഷം സ്വദേശമായ തൃശ്ശൂരിലേക്ക് മടങ്ങി.
റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെക്കുറിച്ച് അമ്മിണി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.