തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 17 വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ കുളിച്ചതാണ് രോഗകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 16-ന് കുട്ടി കൂട്ടുകാരുമായി നീന്തൽക്കുളത്തിൽ ഇറങ്ങിയിരുന്നു. അതിനുശേഷമാണ് കുട്ടിയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് നീന്തൽക്കുളം ആരോഗ്യവകുപ്പ് അടച്ചുപൂട്ടുകയും, കൂടുതൽ പരിശോധനകൾക്കായി വെള്ളം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച കുട്ടിയോടൊപ്പം നീന്തൽക്കുളത്തിൽ ഇറങ്ങിയ മൂന്നുപേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാൽ, ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടിട്ടില്ല.
ജലാശയങ്ങളിൽ കുളിക്കുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് പായലും അഴുക്കുമുള്ള ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശമുണ്ട്. മൂക്കിലൂടെ വെള്ളം ഉള്ളിൽ കടക്കുന്നത് വഴി അമീബ ശരീരത്തിൽ പ്രവേശിച്ച് രോഗത്തിന് കാരണമാകാം.
കേരളത്തിലെ വിവിധ ജില്ലകളിൽ ജലജന്യ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും കർശനമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും തുടർച്ചയായി നൽകുന്നുണ്ടെങ്കിലും, അവ ലംഘിച്ച് ആളുകൾ ജലാശയങ്ങളിൽ ഇറങ്ങുന്നതാണ് രോഗവ്യാപനത്തിന് ഒരു പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.