മണ്ണാർക്കാട് ജനവാസ മേഖലയിൽ ആഴ്ചകളായി പരിഭ്രാന്തി പരത്തിയ പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. വാക്കോട് പ്രദേശത്തെ ഒരു റബർ തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തെ വളർത്തുമൃഗങ്ങളെ പുലി നിരന്തരമായി ആക്രമിച്ചിരുന്നു. ഇതോടെ പ്രദേശവാസികൾ വൻ ഭീതിയിലായിരുന്നു.
കഴിഞ്ഞ ദിവസം ഇരുമ്പുകച്ചേരിയിൽ വീടിന് സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ പുലി കൊന്നുതിന്നിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ പുലിയെ നേരിട്ട് കാണുകയും ബഹളം വെച്ചതോടെ പുലി ഓടിമറയുകയുമായിരുന്നു. ഇതിനു മുൻപ് ഒരു വളർത്തുനായയെയും പുലി പിടികൂടിയിരുന്നു. പുലർച്ചെ ജോലിക്കിറങ്ങുന്ന ടാപ്പിംഗ് തൊഴിലാളികൾ പലതവണ പുലിയെ കണ്ടതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.
നാട്ടുകാരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ് വനംവകുപ്പ് വാക്കോട് റബർ തോട്ടത്തിൽ കൂട് സ്ഥാപിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിയെ പിടികൂടിയതോടെ മേഖലയിലെ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്. പുലിയെ ഉൾവനത്തിലേക്ക് മാറ്റാനാണ് നിലവിൽ വനംവകുപ്പിന്റെ ആലോചന. കൃത്യമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം ഇതിൽ അന്തിമ തീരുമാനമെടുക്കും.