Share this Article
News Malayalam 24x7
ഓട്ടോറിക്ഷ കുഴിയില്‍ ചാടി; മാതാവിന്റെ മടിയിലിരുന്ന ആറുവയസ്സുകാരിക്ക് റോഡിലേക്ക് തെറിച്ചുവീണ്‌ ദാരുണാന്ത്യം
വെബ് ടീം
21 hours 59 Minutes Ago
1 min read
faisa

തിരൂർ: പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ, വാഹനം കുഴിയിൽ ചാടിയതിനെത്തുടർന്ന് മാതാവിൻ്റെ മടിയിലിരുന്ന ആറു വയസുകാരിക്ക്  റോഡിലേക്ക് തെറിച്ച് വീണ് ദാരുണാന്ത്യം.തിരൂർ ചമ്രവട്ടം റോഡിൽ പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുൻപിൽ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത്. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻ്റെയും മകളായ ഫൈസ(6) യാണ് മരണപ്പെട്ടത്.

പുറണ്ണൂർ യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.ഫൈസൽ ഇൻസ്റ്റാൾമെൻ്റിന് സാധനങ്ങൾ കൊണ്ടുപോയി കൊടുക്കുന്ന ജോലിക്കാരനാണ്. ഫൈസലും ഭാര്യയും ഫൈസയും തിരൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ബന്ധുവായ രോഗിയെ കാണാൻ ഓട്ടോയിൽ വന്ന് തിരിച്ചു പോകുകയായിരുന്നു.ഫൈസ മാതാവിൻ്റെ മടിയിലിരുന്നു യാത്ര ചെയ്യുകയും പിതാവ് ഓട്ടോ ഓടിക്കുകയുമായിരുന്നു. കുഴിയിൽ ചാടിയ ഓട്ടോറിക്ഷയുടെ പിൻഭാഗം പൊങ്ങിയതോടെ മാതാവിൻ്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ് വയറിന് സാരമായി പരിക്കേൽക്കുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒൻപതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ കുട്ടി മരണപ്പെട്ടു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories