പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ചു കുടുംബം. മാട്ടുമന്ത സ്വദേശി മീര മരണപ്പെട്ടതിലാണ് ഭർതൃ പീഡനമാരോപിച്ചു ബന്ധുക്കൾ രംഗത്തെത്തിയത്. ഇന്നു രാവിലെയാണ് മീരയെ ഭർത്താവ് പുതുപരിയാരം പൂച്ചിറ സ്വദേശി അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്‌തെന്നാണ് അനൂപിന്റെ കുടുംബം അറിയിച്ചത്. എന്നാൽ മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു കുടുംബം രംഗത്തെത്തിയിട്ടുണ്ട്.ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ദിവസം മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാത്രി 11 ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോയി. പിന്നെ അറിയുന്നത് മീരയുടെ മരണ വിവരമാണെന്ന് കുടുംബം പറയുന്നു. 11 വയസ് പ്രായമുള്ള മകളുള്ള മീര ആത്മഹത്യയെ പറ്റി ചിന്തിക്കുക പോലും ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഹേമാമ്പിക പൊലീസ് അന്വേഷണമാരംഭിച്ചു.