Share this Article
News Malayalam 24x7
നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി വി പ്രശാന്തിനും കോടതി നോട്ടീസ്
വെബ് ടീം
posted on 03-12-2024
1 min read
NAVEEN BABU

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിനും നോട്ടീസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്. കേസ് ഈ മാസം 10 ന് വീണ്ടും പരിഗണിക്കും.

കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് അഭിപ്രായപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്.കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കാത്ത ജില്ലാ കലക്ടറുടേയും ടിവി പ്രശാന്തിന്റേയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. 

നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര തെളിവുകള്‍ ശേഖരിക്കുന്നില്ലെന്നും, ലഭിച്ച തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും കുടുംബം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എഡിഎമ്മിന്റെ മരണം വിവാദമായ സാഹചര്യത്തില്‍ നവീന്‍ബാബു സഞ്ചരിച്ചിരുന്ന വഴിയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി വി പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ തെളിവുകള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാത്തരം തെളിവുകളും സംരക്ഷിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എഡിഎം താമസിച്ച സ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലയെന്നുമാണ് പ്രോസിക്യൂഷൻ പറ‍ഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories