മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എൻ പ്രതാപനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ നഗരമധ്യത്തിൽ പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ കേസെടുത്തിരിക്കുന്നത്. കലാപശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ പ്രസ് ക്ലബ്ബിന് സമീപത്തെ ചുവരുകളിൽ പ്രതാപനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'സേവ് കോൺഗ്രസ്' എന്ന തലക്കെട്ടോടെ പതിപ്പിച്ച പോസ്റ്ററുകളിൽ പ്രതാപനെ കടുത്ത ഭാഷയിലാണ് വിമർശിച്ചിരുന്നത്. ലീഡർ കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച 'യൂദാസ്' ആണ് ടി.എൻ പ്രതാപൻ എന്ന് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരുന്നു. സംഭവം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയാവുകയും നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് പ്രസ് ക്ലബ്ബ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ നിന്നുമാണ് പോസ്റ്റർ പതിപ്പിച്ചവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണോ അതോ പാർട്ടിക്കുള്ളിലെ തർക്കങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.