കൗൺസിലിംഗിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ പ്രമുഖ സൈക്കോളജിസ്റ്റ് പൊലീസ് പിടിയിലായി. കൊല്ലം മയ്യനാട് സ്വദേശിയായ സന്തോഷ് സുകുമാരനാണ് പൊലീസിന്റെ അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏഴാം ക്ലാസ് മുതൽ കൗൺസിലിംഗിനായി സന്തോഷിന്റെ അടുത്ത് എത്തിയിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കൗൺസിലിംഗിനായി കുട്ടിക്കൊപ്പം എത്തുന്ന അമ്മയെ മുറിക്ക് പുറത്തുനിർത്തിയ ശേഷമായിരുന്നു പീഡനം. കുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഇയാൾ കുട്ടിയുടെ നഗ്നചിത്രങ്ങളും മൊബൈലിൽ പകർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ പെട്ടെന്നുള്ള മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷാകർത്താക്കൾ കുട്ടിയെ മറ്റൊരു സൈക്കോളജിസ്റ്റിന്റെ അടുത്ത് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ ഒളിവിൽ പോയ പ്രതിയെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.