കോഴിക്കോട് :എസ്ഐആർ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിദ്യാർഥികളെ നിർബന്ധിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ. അധ്യാപകരുടെ സമ്മതത്തോടെ, പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയിൽ, സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ പറഞ്ഞു.
സ്കൂളുകളിലും കോളജുകളിലുമുള്ള വിദ്യാർഥികൾ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ ഭാഗമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. പ്രവർത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും വിദ്യാർഥികൾക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാവാനുള്ള വേദിയായാണ് ഈ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. സ്കൂൾ കുട്ടികളുടെ സേവനം ഏലത്തൂർ ഇആർഒ (ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ) ആവശ്യപ്പെട്ടതായ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ താൻ നേരിട്ട് ഉദ്യോഗസ്ഥനുമായി സംസാരിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഇആർഒ ഉദ്ദേശിച്ചിരുന്നതെന്നും മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ആ വിദ്യാലയത്തിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് വന്ന ചില റിപ്പോർട്ടുകൾ തെറ്റായ ധാരണ സൃഷ്ടിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങും പറഞ്ഞു. എസ്ഐആർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികളുടെ പങ്കാളിത്തം അവരുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ളതാണെന്നും അത് പഠനത്തെ ബാധിക്കില്ലെന്നും കലക്ടർ വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.