Share this Article
News Malayalam 24x7
മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണു
Slab Falls from Under-Construction Underpass in Muriyoo

കൊരട്ടി - ചാലക്കുടി ദേശീയപാതയിൽ മുരിങ്ങൂരിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയിൽ നിന്ന് കൂറ്റൻ സ്ലാബ് റോഡിലേക്ക് വീണു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഏകദേശം 15 അടി ഉയരത്തിൽ നിന്നാണ് സ്ലാബ് താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ചത്. ഈ സമയം വാഹനങ്ങൾ കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്.

സ്ലാബ് വീഴുന്നതിന് തൊട്ടുമുൻപാണ് ഒരു കാർ സ്ലാബ് വീണ ഭാഗത്തു കൂടി കടന്നുപോയത്. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് വലിയൊരു അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിന് മുകളിലേക്കാണ് സ്ലാബ് വീണിരുന്നതെങ്കിൽ യാത്രക്കാരുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. മുരിങ്ങൂർ പള്ളിയിലേക്ക് തിരിയുന്ന ഭാഗത്താണ് ഈ അടിപ്പാത നിർമ്മാണം നടക്കുന്നത്.


ദേശീയപാത നിർമ്മാണത്തിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണത്തിനിടെ ഇത് മൂന്നാം തവണയാണ് സ്ലാബ് താഴേക്ക് വീഴുന്നത്. കഴിഞ്ഞ മാസം ചിറങ്ങരയിലും സമാനമായ രീതിയിൽ സ്ലാബ് താഴേക്ക് വീണിരുന്നു.


തിരക്കേറിയ സർവീസ് റോഡിൽ സുരക്ഷാ വേലികളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്ലാബ് വീണതിനെ തുടർന്ന് സർവീസ് റോഡിൽ ഗതാഗത തടസ്സമുണ്ടായി. പിന്നീട് അധികൃതരെത്തി സ്ലാബ് നീക്കം ചെയ്തു. നിർമ്മാണ കരാർ കമ്പനിയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories