പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം പുറത്തെടുത്തു. തകർന്നുകിടക്കുന്ന ക്യാബിൻ്റെ ഉള്ളിലായിരുന്നു മൃതദേഹം. ഇവിടേക്ക് വടംകെട്ടിയിറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. 8 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. ഇന്നലെ വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.