ഇടുക്കി മൂന്നാറിലെ ഗ്യാപ്പ് റോഡിലൂടെയുള്ള രാത്രി യാത്ര താൽക്കാലികമായി നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവായി.ഗ്യാപ് റോഡിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
മൂന്നാര്‍ ദേവികുളം റൂട്ടില്‍ ഗ്യാപ്പ് റോഡിന് സമീപമാണ് പാതയോരത്തു നിന്നും പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിച്ചത്.വളരെ ഉയരത്തിലുള്ള മണ്‍തിട്ടയില്‍ നിന്നും അടര്‍ന്ന് വീണ പാറക്കല്ലുകള്‍ റോഡില്‍ വീണ് ചിതറി. ഈ സമയം സംഭവസ്ഥലത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിന് ശേഷമാണ് മണ്‍തിട്ടയില്‍ നിന്നും പാറക്കലുകള്‍ അടര്‍ന്ന് വീണത്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഗ്യാപ്പ് റോഡിലെ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്.
മധ്യവേനല്‍ അവധിക്കാലമായതിനാല്‍ ധാരാളം സഞ്ചാരികള്‍ ഗ്യാപ്പ് റോഡിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്നുണ്ട്. ഗ്യാപ്പ് റോഡ് മേഖലയില്‍ ധാരാളം സഞ്ചാരികള്‍ ഉണ്ടായിരുന്ന സമയത്താണ് പാറക്കല്ലുകള്‍ അടര്‍ന്ന് വീണത്. മഴക്കാലങ്ങളില്‍ ഗ്യാപ്പ് റോഡ് മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട്.ഇതിന് പുറമെയാണിപ്പോള്‍ വേനല്‍മഴയിലും പാറക്കല്ലുകള്‍ അടര്‍ന്ന് വീണിട്ടുള്ളത്.