Share this Article
News Malayalam 24x7
പള്ളിയോട് ചേര്‍ന്ന കെട്ടിടം ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു
Major Fire Near St. Patrick's Church

നഗരത്തിലെ ഫ്രാൻസിസ് റോഡിലുള്ള സെന്റ് പാട്രിക്സ് പള്ളിയോട് ചേർന്ന കെട്ടിടത്തിൽ ഇന്ന് പുലർച്ചെ വൻ തീപിടുത്തം. പള്ളിയിലെ മതബോധന ഓഫീസ് (Catechism Office) പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടമാണ് ഇന്ന് പുലർച്ചെ 4:30 ഓടെ ഉണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിയമർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പള്ളി അധികൃതർ രംഗത്തെത്തി.

ലത്തീൻ കത്തോലിക്ക സഭയുടെ കീഴിലുള്ള ഈ പള്ളിയിലെ തന്ത്രപ്രധാനമായ രേഖകളും മതബോധന ക്ലാസുകൾക്ക് ഉപയോഗിച്ചിരുന്ന സാമഗ്രികളും തീപിടുത്തത്തിൽ നശിച്ചു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന രൂപക്കൂടും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കത്തിയമർന്നിട്ടുണ്ട്. കൂടാതെ, കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു കാറിനും ഭാഗികമായി തീപിടിച്ചു. അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.


തീപിടുത്തത്തിൽ വലിയ രീതിയിലുള്ള അട്ടിമറി സാധ്യതയാണ് പള്ളി അധികൃതരും നാട്ടുകാരും സംശയിക്കുന്നത്. ഇത് ബലപ്പെടുത്തുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്ന സമയത്ത് ഒരാൾ കെട്ടിടത്തിന് മുകളിലൂടെ നടന്നുപോകുന്നതും പിന്നീട് താഴേക്ക് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ പോയതിന് തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ബോധപൂർവം തീ കൊടുത്തതാണോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


പള്ളി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്മങ്ങാട് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. നഗരമധ്യത്തിൽ പുലർച്ചെയുണ്ടായ ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories