തൃശ്ശൂർ: റീൽസിനു വേണ്ടി ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച യുവാവിൻ്റെ കൈപ്പത്തി തകർന്നു. മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസ് ആണ് ഗുണ്ട് പൊട്ടിച്ചത്. ഇയാളുടെ വലതുകൈപ്പത്തിയാണ് തകർന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. റീൽസ് ചിത്രീകരണത്തിനായി അഞ്ച് യുവാക്കളാണ് ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്. സുഹൃത്തിന്റെ വിവാഹത്തിന് ഉപയോഗിച്ച് ബാക്കിവന്ന ഗുണ്ടും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. ലൈറ്റ് ഹൗസിന് മുകളിലെത്തി അവിടെനിന്ന് കത്തിച്ചെറിഞ്ഞ് റീൽസ് ചിത്രീകരിക്കാനായിരുന്നു ശ്രമം.കടലിനോട് ചേർന്ന ലൈറ്റ് ഹൗസ് പരിസരത്ത് ശക്തിയേറിയ കാറ്റുണ്ടായിരുന്നതിനാൽ തിരികത്തിച്ച ഉടനെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. വലിച്ചെറിയുന്നതിന് മുമ്പേ ഗുണ്ട് കൈയിലിരുന്ന് പൊട്ടി.
പരിക്കേറ്റ യുവാവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരേ ചാവക്കാട് പോലീസ് കേസെടുത്തു. നാലുപേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലൈറ്റ് ഹൗസിന് മുകളിൽ കയറി സ്ഫോടക വസ്തുക്കൾ പൊട്ടിക്കുക എന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്.