Share this Article
News Malayalam 24x7
നവജാതശിശു മരിച്ച സംഭവം; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്
Newborn Dies, Family Blames Hospital

ഇടുക്കി പൂപ്പാറയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. സർക്കാർ ആശുപത്രിയിൽ നിന്ന് 45-ാം ദിവസത്തെ വാക്സിനെടുത്തതിലുണ്ടായ വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി. 


സ്റ്റേറ്റ് പൂപ്പാറ കൊച്ചുപറമ്പിൽ സച്ചിൻ- മാരിയമ്മ ദമ്പതികളുടെ 45 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് കഴിഞ്ഞ 12ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ജനുവരി 24നാണ് മാരിയമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിൻ്റെ ആരോഗ്യനിലയിൽ യാതൊരു കുഴപ്പമില്ലെന്ന് അന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതായി മാരിയമ്മ പറയുന്നു. 

താലൂക്ക് ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ 12ന് ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുഞ്ഞിന് 45-ാം ദിവസത്തെ വാക്സിനടുത്തത്. വാക്സിനെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം വൈകുന്നേരം 3ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചു. 

തുടർന്ന് ആദ്യം രാജകുമാരിയിലും പിന്നീട് രാജാക്കാടുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഉടൻ വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ഒരു മണിക്കൂറിനുള്ളിൽ ഹൃദയമിടിപ്പ് താഴ്ന്ന് മരണം സംഭവിച്ചു.

 ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ഹൃദയത്തിന് വലിപ്പം കൂടുതലായതു കൊണ്ടും ശ്വാസകോശത്തിലെ അണുബാധയുമാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ കുഞ്ഞിൻ്റെ മരണത്തിന് കാരണം വാക്സിൻ എടുത്തതിലുണ്ടായ പിഴവാണെന്ന് സംശയിക്കുന്നു. 

കുഞ്ഞിൻ്റെ ജനനശേഷം നടത്തിയ ആരോഗ്യ പരിശോധനയിൽ യാതൊരു കുഴപ്പവുമില്ല എന്ന് കണ്ടെത്തിയതാണ്. അതിനാൽ കുഞ്ഞിൻ്റെ മരണത്തിൽ അന്വേഷണം വേണമെന്നാണ് മാരിയമ്മ മൂന്നാർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories