തൃശ്ശൂർ വടക്കാഞ്ചേരി എങ്കക്കാട്, മാരാത്ത് കുന്നിലെ റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.. മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി - വാഴാനി റോഡിൽ റെയിൽവേ ഗേറ്റ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു..നടനും, സംവിധായകനും പ്രദേശവാസിയുമായ സിദ്ധാർത്ഥ് ഭരതൻ സമരം ഉദ്ഘാടനം ചെയ്തു.
വഴാനി ഡാം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും, തെക്കുംകര പഞ്ചായത്ത് പ്രദേശത്തേക്കും എളുപ്പം എത്തിച്ചേരാൻ ഉപയോഗിക്കുന്ന രണ്ട് റോഡുകൾക്കിടയിലാണ് റെയിൽവേ ഗേറ്റുകൾ സ്ഥിതി ചെയ്യുന്നത്.
ഇവ ഏറെ നേരം അടച്ചിരിക്കുന്നത് മൂലം ഏറെ ബുദ്ധിമുട്ടാണ് പ്രദേശവാസികൾ നേരിടുന്നത്. ആശുപത്രിയിലേക്ക് ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ പോകേണ്ടി വരുമ്പോൾ, ഈ ഗേറ്റുകൾ അടച്ചിരിക്കുന്നത് മൂലം ജീവൻ നഷ്ടമാകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
മൂന്നോ നാലോ തീവണ്ടികൾ കടന്നുപോയതിന് ശേഷം മാത്രമേ പലപ്പോഴും ഗേറ്റ് തുറക്കുകയുള്ളൂ..രണ്ട് ഗേറ്റുകളും ഒഴിവാക്കി പ്രദേശത്ത് മേൽപ്പാലം നിർമ്മിക്കണമെന്നത് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരവുമായി നാട്ടുകാർ രംഗത്ത് വന്നത്.
ആധുനിക കാലഘട്ടത്തിൽ ജനങ്ങളെ തടവിലാക്കുന്ന തടവറകളാണ് റെയിൽവേഗേറ്റുകൾ എന്ന് സമരം ഉദ്ഘാടനം ചെയ്ത സിദ്ധാർത്ഥ ഭരതൻ പറഞ്ഞു. ആക്ഷൻ കൗൺസിൽ കൺവീനർ പി ജി രവീന്ദ്രൻ അധ്യക്ഷനായി. ചെയർമാൻ വി പി മധു സ്വാഗതവും,.ആക്ഷൻ കൗൺസിൽ ട്രഷറർ പി കെ വിജയൻ നന്ദിയും പറഞ്ഞു. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.