അതിരപ്പിള്ളി - മലക്കപ്പാറ പാതയിൽ യാത്രക്കാർക്ക് വീണ്ടും ഭീഷണിയായി കാട്ടാന 'കബാലി'. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് മലക്കപ്പാറയ്ക്ക് സമീപം കബാലി റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്. മണിക്കൂറുകളോളം പാതയിൽ നിലയുറപ്പിച്ച ആനയെ കണ്ട് ഭയന്ന് യാത്രക്കാർ വാഹനങ്ങളിൽ തന്നെ ഇരുന്നു.
കോട്ടയത്തുനിന്നും പുറപ്പെട്ട കെഎസ്ആർടിസി വിനോദയാത്ര ബസ്സും ഏതാനും സ്വകാര്യ വാഹനങ്ങളുമാണ് ആനയ്ക്ക് മുൻപിൽ കുടുങ്ങിയത്. റോഡരികിൽ പുല്ല് തിന്നുകൊണ്ട് നിന്ന ആന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. കെഎസ്ആർടിസി ബസ്സിന് തൊട്ടുമുന്നിൽ ആന നിലയുറപ്പിച്ചതോടെ ഡ്രൈവർ ബസ് നിർത്തിയിട്ടു. തുടർന്ന് ആനയുടെ നീക്കം നിരീക്ഷിച്ചുകൊണ്ട് മറ്റ് വാഹനങ്ങളും പിന്നാലെ നിർത്തി.
ഏകദേശം രണ്ട് മണിക്കൂറോളം റോഡിൽ തുടർന്ന കബാലി പിന്നീട് തനിയെ കാടുകയറുകയായിരുന്നു. ആന കാടുകയറിയ ശേഷമാണ് ഇരുവശത്തും കുടുങ്ങിക്കിടന്ന വാഹനങ്ങൾക്ക് യാത്ര തുടരാൻ സാധിച്ചത്. ഏതാനും ദിവസങ്ങളായി ആനക്കയം മുതൽ ഷോളയാർ വ്യൂപോയിന്റ് വരെയുള്ള മേഖലയിൽ കബാലി സ്ഥിരമായി സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇടയ്ക്കിടെ കാടുകയറുമെങ്കിലും വൈകാതെ തന്നെ വീണ്ടും റോഡിലേക്ക് തിരിച്ചെത്തുന്നത് യാത്രക്കാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
വനപാതയിലൂടെയുള്ള യാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ നിന്നും യാത്രക്കാർ പിന്തിരിയണമെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.