കണ്ണൂർ/ധര്‍മ്മടം: കേരള വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന് ഇന്ന് ഉച്ചയോടെ തുടക്കം. ധര്‍മ്മടം മമ്മാക്കുന്ന് പാലം അഞ്ചരക്കണ്ടി പുഴയില്‍ നടക്കുന്ന മത്സരത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ബോട്ടുകളാണ് മത്സരിക്കുക.വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. മുഴപ്പിലങ്ങാട് കടവിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. ഉച്ചക്ക് 2.30ന് മന്ത്രി മത്സരങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ഫൈനൽ മത്സരങ്ങൾ അരങ്ങേറും. വൈകീട്ട് അഞ്ചിന് സമ്മാനദാനം നടക്കും.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ തത്സമയ സംപ്രേക്ഷണം കേരളവിഷൻ ന്യൂസ് ചാനലിൽ ഒട്ടും ആവേശം ചോരാതെ ആസ്വദിക്കാം.
കാവ്യാത്മകമായ വരികളിലൂടെ കാണികളുടെ ആവേശം കൂട്ടുന്നതിനൊപ്പം അത് കേരളവിഷൻ പ്രേക്ഷകരിലേക്കും എത്തിക്കാനായി പ്രമുഖ കമന്റേറ്ററായ ഷൈജു ദാമോദരന്‍ നൽകുന്ന പശ്ചാത്തലവിവരണവും ഒപ്പമുണ്ടാകും.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് നടക്കുക. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള, 60 അടി നീളമുള്ള 14 ചുരുളൻ വളങ്ങളാണ് പങ്കെടുക്കുക. കണ്ണൂരിൽ നിന്ന് രണ്ടും കാസർകോടിൽ നിന്നും 12 ഉം ടീമുകളാണുള്ളത്. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. നാല് ഹീറ്റ്‌സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജേതാക്കൾക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയുമാണ് സമ്മാനത്തുക. ജേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഒന്നേകാൽ ലക്ഷം രൂപ ബോണസായും നൽകും.
ഉച്ചയ്ക്ക് 2.30 ന് ശേഷം ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ തത്സമയം സംപ്രേക്ഷണം കേരളവിഷനിലൂടെ ആസ്വദിക്കാം. കേരളവിഷൻ ന്യൂസ് ചാനലിന് പുറമേ കേരളവിഷൻ ന്യൂസ് യൂട്യൂബ് ചാനലിലും കേരളവിഷൻ ന്യൂസ് ഫേസ്ബുക് പേജിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും.
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ ഇവിടെ ക്ലിക്ക് ചെയ്ത് തത്സമയം കാണാം